ഒരു ഏജൻസി ന്യൂസിലാൻഡിലേക്ക് ഒന്നിൽക്കൂടുതൽ ആയി വിവിധ തസ്തികകളിലേക്ക് ജോലി ഒഴിവുണ്ട് എന്നു കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്താൽ അതൊരു വിസ തട്ടിപ്പിനുള്ള മുന്നൊരുക്കം ആണെന്ന് മനസ്സിലാക്കാവുന്നതാണ്.
ന്യൂസിലാൻഡിൽ പൊതുവേ ഒരു കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് വേണ്ടി മറ്റൊരു ഏജൻസിയെ ഇടനിലക്കാരായി നിയമിക്കാറില്ല. അതിനു കാരണം മിനിമം സാലറിയിൽ വർക്ക് ചെയ്യുന്നവർക്ക് വിസ നൽകുവാൻ സാധിക്കുകയില്ല എന്നതാണ്. ന്യൂസിലാൻഡിലെ മീഡിയൻ വേജ് ആയ മണിക്കൂറിന് $29.66 എന്ന വേതനം ലഭിക്കുന്ന ജോലികൾക്കു മാത്രമാണ് ന്യൂസിലാൻഡിന് പുറമേ നിന്നും ഒരു വ്യക്തിക്ക് വിസ നൽകി ഒരു കമ്പനിക്ക് ജോലി നൽകുവാൻ സാധിക്കുകയുള്ളൂ. അൺസ്കിൽഡ് ആയിട്ടുള്ള ഭൂരിഭാഗം പൊസിഷനുകളും ന്യൂസിലാൻഡിൽ ഈ വേതനം ലഭിക്കാത്ത ജോലികളാണ്. ഹൈലി സ്കിൽഡ് ആയിട്ടുള്ള ഏതാനും പൊസിഷനുകളിലേക്ക് കമ്പനികൾ സാധാരണയായി ഇത്തരത്തിൽ വിസ സപ്പോർട്ട് നൽകി നേരിട്ട് ജോലിക്ക് ആളുകളെ നിയമിക്കാറുണ്ട്, ഇതെല്ലാം തന്നെ കമ്പനി നേരിട്ട് സീക്ക് (www.seek.co.nz) പോലുള്ള വെബ്സൈറ്റുകളിൽ പരസ്യം നൽകി, ഇന്റെര്‍വ്യൂ ചെയ്തു നേരിട്ട് നിയമനം നടത്തുന്നവയാണ്.
ഇന്റെര്‍വ്യൂ ചെയ്യാതെ, ഓഫർ ചെയ്ത ജോലിക്കുവേണ്ട മുൻപരിജയമോ, വിദ്യഭ്യാസമോ ഇല്ലാതെ ഒരു ജോലി നിങ്ങൾക്ക് ന്യൂസീലാന്‍ഡില്‍ ഏതെങ്കിലും ഏജന്‍സി വാഗ്ദാനം ചെയ്താല്‍ സ്വയം അതൊരു തട്ടിപ്പാണെന്ന് മനസിലാക്കേണ്ടതാണ്.
ഏതൊരു രാജ്യത്തേക്കും എന്നപോലെ ന്യൂസീലാന്‍ഡിലേക്കും ഏതെങ്കിലും ഏജന്‍സി ജോലി ഓഫര്‍ നല്കിയാല് ആദ്യമേ ചോദിച്ചറിയേണ്ടത് ന്യൂസീലാന്‍ഡിലെ ഏത് കമ്പനിയിലേക്ക് ആണ് ഈ ജോലി ഓഫര്‍ എന്നതാണ്. വ്യക്തമായി ഒരു കമ്പനിയുടെ പേര് പറയാതെ ഒരുപാട് കമ്പനികള്‍ ഏജന്‍സിയുടെ കയ്യില്‍ ഉണ്ട് എന്നും, ഓഫര്‍ ലെറ്റര്‍ വരുമ്പോള്‍ കമ്പനി വിവരങ്ങള്‍ ലഭിക്കും എന്നെല്ലാം മറുപടി ലഭിച്ചാല്‍ പൂര്‍ണമായും അതൊരു വിസ തട്ടിപ്പ് ആണെന്ന് ഉറപ്പിക്കാവുന്നതാണ്.
കമ്പനിയുടെ പേര്, വിലാസം, ജോലി ഓഫര്‍ ചെയ്തിരിക്കുന്ന പൊസിഷന്‍, സാലറി എന്നിവയെല്ലാം തന്നെ മുന്‍കൂട്ടി പറയുന്നത് ആണ് ഏതെങ്കിലും രീതിയില്‍ വിശ്വാസ യോഗ്യമായ രീതി. കാരണം കമ്പനി വിവരങ്ങള്‍ ലഭിച്ചാല്‍ ആര്‍ക്ക് വേണമെങ്കിലും ആ കമ്പനിയെ കുറിച്ച് അന്വേഷിച്ചു ഓഫര്‍ ചെയ്ത ജോബ് ഓഫര്‍ ഒറിജിനല്‍ ആണോ എന്ന് ഉറപ്പിക്കാനുള്ള സാഹചര്യവും, സാധ്യതയും ഇപ്പോള്‍ നിലവില്‍ ന്യൂസീലാന്‍ഡില്‍ ഉണ്ട്.
ഒരിക്കലും ഓഫർ ലെറ്റർ ലഭിച്ചു കഴിഞ്ഞു ജോബ് ഓഫർ സത്യമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്താതെ ഒരു ഏജൻസിക്കും ഒരു രൂപ പോലും നല്‍കാതെ നോക്കുക. കാരണം ഇത് 2024 ആണ്, തട്ടിപ്പ് ഏജൻസികൾ ന്യൂസീലാൻഡിൽ ഉള്ള പല കമ്പനികളുടെ പേരിലും വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കി വളരെയധികം ഹൈടെക്ക് ആയാണ് വിസ തട്ടിപ്പ് നടത്തുന്നത്.
കേരളത്തിലും, ഇന്ത്യയില്‍ ഉടനീളവും, കൂടാതെ പ്രത്യേകിച്ച് UAE യിലും ആയി 100 കണക്കിന് വിസ തട്ടിപ്പ് ഏജന്‍സികള്‍ ആണ് പ്രവര്‍ത്തിച്ചുകൊണ്ട് ഇരിക്കുന്നത്. ഭൂരിഭാഗം ഏജന്‍സികള്‍ക്കും ഇതൊരു പൊന്മുട്ട ഇടുന്ന താറാവിനെ പോലെയാണ്, വിസ ഓഫര്‍ നല്കി പണം വാങ്ങുന്നു, സ്വരൂപിച്ച തുക മറ്റു ബിസിനസ്സുകളില്‍ ഇറക്കുന്നു ശേഷം നിങ്ങളുമായി ഉണ്ടാക്കുന്ന ഏജന്‍സി കോണ്ട്രാക്റ്റ് പ്രകാരം കാലാവധി കഴിയുമ്പോള്‍ അവരുടെ സര്‍വീസ് ചാര്‍ജ് എന്ന വലിയ തുക കൈക്കലാക്കിയ ശേഷം ബാക്കി തുക തിരികെ നല്കി മേല്‍പ്പറഞ്ഞ തട്ടിപ്പ് വീണ്ടും വീണ്ടും തുടരുന്നു. NZ വര്‍ക്ക് വിസയുടെ പേരിലുള്ള തട്ടിപ്പ് മുഖേന ഇതിനോടകം ആയിരക്കണക്കിനു പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട് കഴിഞ്ഞു.
ഒരു ഏജൻസി നൽകുന്ന പരസ്യത്തിലോ, അവരുമായുള്ള സംഭാഷണത്തിലോ താഴെ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒന്ന് അവരിൽ നിന്നും കേട്ടാൽ ഉടൻ വിസ തട്ടിപ്പ് ആണെന്ന് മനസിലാക്കുക.
- കമ്പനിയുടെ പേര് ഇപ്പോൾ പറയാൻ സാധിക്കില്ല, ഓഫർ ലെറ്റർ വരുമ്പോൾ നിങ്ങൾക്ക് മനസിലാകും എന്ന് പറയുക.
- ഞങ്ങൾക്ക് ഒന്നിൽ കൂടുതൽ കമ്പനികൾ ആയി NZ ഇൽ ബന്ധമുണ്ട്, അവർക്കെല്ലാം ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ നൽകും എന്ന രീതിയിൽ ഉള്ള സംസാരം.
- താമസമോ , ഭക്ഷണമോ കമ്പനി വക സൗജന്യം ആയി ലഭിക്കും എന്ന വാഗ്ദാനം.
- നിങ്ങൾക്ക് ഓഫർ ചെയ്യുന്ന ജോലിക്ക് ടാക്സ് അടക്കേണ്ടതില്ല എന്നോ, അല്ലെങ്കിൽ പ്രേത്യേകിച്ചു ഒരു ടാക്സ് റേറ്റ് എടുത്ത് പറയുകയോ ചെയ്യുക.
- വീഡിയോ ഓൺ ചെയ്യാതെ ഉള്ള ഇന്റെര്‍വ്യൂ, ജിമെയിൽ ഐ ഡി യിൽ നിന്നുള്ള ഇമെയിലുകൾ.
- ജോലി ലഭിക്കുന്നതിനും, വിസ ലഭിക്കുന്നതിനും ഉള്ള സർവീസ് ചാർജ് നിങ്ങളുടെ സാലറിയിൽ നിന്നും മാസാമാസം എടുത്തുകൊള്ളും എന്ന വാഗ്ദാനം.
- വിസ സൗജന്യം ആണ് പക്ഷെ ബോണ്ട് ആയി ലക്ഷങ്ങൾ നൽകണം എന്ന വിചിത്ര വാദം.
- ഒരു ഇന്ത്യൻ അക്കൗണ്ട് നമ്പർ നൽകി വിസ ഫീസ് ട്രാൻസ്ഫർ ചെയ്യുവാൻ പറയുക.
- പൈസ നൽകുവാൻ തിടുക്കം കൂട്ടുക, എത്രയും വേഗം പണം നൽകിയില്ലെങ്കിൽ പോകാൻ സാധിക്കുകയില്ല എന്ന് പറഞ്ഞു നിങ്ങളെ സമ്മർദ്ദത്തിൽ ആക്കുക.
- മെഡിക്കൻ പരിശോധന, PCC എന്നിവ ഇപ്പോൾ വേണ്ട NZ ഇൽ എത്തികഴിഞ്ഞ ശേഷം മതി എന്ന് പറയുക, അതല്ലെങ്കിൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ നിന്നല്ലാതെ പുറത്തെ ഏതെങ്കിലും ക്ലിനിക്കിൽ നിന്നും മെഡിക്കൽ എടുപ്പിക്കുക.
മേൽ പറഞ്ഞ 10 കാര്യങ്ങളിൽ ഏതെങ്കിലും ഒന്നോ അതുമായി ബന്ധപെട്ട കാര്യങ്ങളോ നിങ്ങളുടെ NZ ജോലി ഓഫറുമായി ബന്ധപ്പെട്ടു നിങ്ങളുടെ ഏജന്‍സിയുടെ ഭാഗത്ത് നിന്നും കേട്ടാല്‍ ഉടന്‍ തട്ടിപ്പ് ആണെന്ന് മനസിലാക്കുക. ഇവയൊന്നും NZ ലെ ജോലികൾ ആയോ, ഇവിടുത്തെ രീതികൾ ആയോ ബന്ധപ്പെട്ടത് അല്ല. ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ മാത്രം നിലവിലുള്ളതും NZ ഇൽ ഒരു കമ്പനി പോലും പിന്തുടരാത്തതും ആയ രീതികൾ ആണ്.
വിസ തട്ടിപ്പുകൾക്ക് ഇരയാകാതെ സ്വയം സൂക്ഷിക്കുക.
ന്യൂസിലാൻഡ് വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇമിഗ്രേഷൻ ന്യൂസിലാൻഡ് വെബ്സൈറ്റ് സന്ദർശിക്കുക – https://www.immigration.govt.nz/
