ഒരു ചെറിയ ഇടവേളക്ക് ശേഷം ന്യൂസിലാൻഡ് വിസ തട്ടിപ്പ് കേരളത്തിൽ വൻ തോതിൽ ഉയർന്നിരിക്കുകയാണ്. എയർപോർട്ട് ജോലികൾ, ലിക്കർ ഫാക്ടറി വർക്കർ തുടങ്ങി നിരവധി അൺസ്കിൽഡ് ജോലികൾ ആണ് തട്ടിപ്പ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിലെ 100 കണക്കിന് ജോബ് കൺസൾട്ടൻസികൾ, സ്റ്റുഡൻസ് വിസ ഏജൻസികൾ എന്നിവയൊക്കെ ഈ തട്ടിപ്പിന്റെ ഭാഗം ആയി കഴിഞ്ഞു എന്ന് വേണം ഇവരുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾ കാണുന്നതിൽ നിന്നും മനസിലാക്കാൻ. ഉയർന്ന കമ്മീഷൻ വാഗ്ദാനം ചെയ്ത് ചെന്നെ, പഞ്ചാബ്,ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള വൻ വിസ തട്ടിപ്പ് സംഘങ്ങൾ ആണ് ഇവർക്ക് പിന്നിൽ.
ഫോട്ടോഷോപ്പ് ചെയ്ത വ്യാജ വിസ നൽകി വഞ്ചിക്കുന്നതാണ് ഇവരുടെ പ്രവർത്തന രീതി. NZ ലെ വർക്ക് വിസ പ്രോസസ് എന്താണെന്നു വ്യക്തമായി അറിയാത്ത ഇത്തരം സബ് ഏജൻസികൾ തട്ടിപ്പുമായി വരുന്നവർ നൽകുന്ന വ്യാജ e-വിസ വിശ്വസിച്ചും, വാഗ്ദാനം ചെയ്യുന്ന ഉയർന്ന കമീഷൻ തുക പ്രദീക്ഷിച്ചും ഇവരുടെ വലയിൽ ആവുകയും ഇവർ മുഖാന്തിരം നൂറുകണക്കിന് പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെടുന്നതും ഇന്ന് സർവ്വസാദാരണമാണ്.
ഇത്തരത്തിൽ തട്ടിപ്പ് ഏജൻസികൾ നൽകിയിട്ടുള്ള പരസ്യങ്ങൾ ചുവടെ നൽകുന്നു.
ഇത്തരം അൺസ്കിൽഡ് ജോലികൾക്കായി ഏത് ഏജൻസി NZ ലേക്ക് വേക്കൻസി ഉണ്ട് എന്ന് പറഞ്ഞു പരസ്യം ചെയ്താലും അതൊരു വിസ തട്ടിപ്പ് ആണെന്ന് മനസിലാക്കുക.






ന്യൂസിലാൻഡ് വിസ തട്ടിപ്പിന്റെ ഭാഗമായി ഇത്തരം തട്ടിപ്പ് ഏജൻസികൾ നൽകുന്ന പരസ്യങ്ങളിൽ നിന്ന് തന്നെ ഇവർക്ക് ന്യൂസിലാൻഡ് വിസ പ്രൊസസിന്റെ ബേസിക് കാര്യങ്ങൾ പോലും അറിയില്ല എന്നത് വ്യക്തമാണ്.
പരസ്യം നൽകിയിട്ടുള്ള വിവിധ അൺസ്കിൽഡ് തസ്തികകളിലേക്ക് ഇവർ ഓഫർ ചെയ്യുന്ന സാലറി എന്ന് പറയുന്നത് ന്യൂസിലാൻഡിലെ മിനിമം സാലറിയെക്കാൾ വളരെ താഴ്ന്ന മണിക്കൂർ വേതനമാണ്.
ന്യൂസിലാൻഡിലേക്ക് ഏതൊരു തരത്തിലുള്ള വിസ പ്രൊസസിംഗ് ആയാലും അതിന്റെ ഭാഗമായി മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടതുണ്ട് , എന്നാൽ ഇത്തരം തട്ടിപ്പ് ഏജൻസികൾ എല്ലാം തന്നെ ഇത്തരം മെഡിക്കൽ പരിശോധനകൾ നടത്തുന്നത് അടുത്തുള്ള ഏതെങ്കിലും ക്ലിനിക്കിലോ ഹോസ്പിറ്റലിലോ ആയിരിക്കും. എന്നാൽ ന്യൂസിലാൻഡിലേക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അതോറിറ്റി എന്ന് പറയുന്നത് കേരളത്തിൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ മാത്രമാണ്.
ശ്രദ്ധിക്കുക തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ നിന്നും മെഡിക്കൽ എടുക്കുന്നത് നിങ്ങളുടെ ജോബ് വേക്കൻസി ഒറിജിനൽ ആണ് എന്നതിന് തെളിവല്ല കാരണം, ഏതൊരു വ്യക്തിക്കും ഏതൊരു ഫേക്ക് ഓഫർ ലെറ്റർ കൊണ്ടുപോയാലും തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ എടുക്കാൻ സാധിക്കുന്നതാണ്. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ യാതൊരു രീതിയിലും ജോബ് ഓഫർ ഒറിജിനൽ ആണോ എന്ന് ചെക്ക് ചെയ്യാനുള്ള യാതൊരു സംവിധാനങ്ങളും നിലവിലുള്ളതല്ല.
ന്യൂസീലാൻഡ് നിലവിൽ സാമ്പത്തിക മാന്ന്യത്തിലൂടെ പോയികൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. തൊഴിൽ ഇല്ലായ്മ വളരെ അധികം കൂടുതൽ ആയി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ അൺസ്കിൽഡ് ജോലികൾക്ക് വിസ ലഭിക്കുക എന്നാത് അസംഭവ്യം ആയിട്ടുള്ള കാര്യമാണ് എന്ന് മനസിലാക്കുക.
എംപ്ലോയർ വിവരങ്ങൾ ലഭിച്ചു അവരുമായി വേക്കൻസികൾ വെരിഫൈ ചെയ്യാതെ ഒരു ഏജൻസികൾക്കും പണം മുൻകൂറായി നൽകാതിരിക്കുക. കാരണം NZ ഇൽ വിദേശ ഏജൻസികൾ മുഖേന റിക്രൂട്ട്മെന്റ് നടത്തുക എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യവും ഇവിടുത്തെ കമ്പനികൾ പൊതുവിൽ ചെയ്യാത്ത കാര്യവുമാണ്.
പ്രധാനമായും പഞ്ചാബ് ഡൽഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘങ്ങളാണ് കേരളത്തിലുടനീളം വിവിധ ഏജൻസികളും ആയി ചേർന്ന് വ്യാപകമായി ന്യൂസിലാൻഡ് വിസ തട്ടിപ്പ് നടത്തുന്നത്, ന്യൂസിലാൻഡിൽ ഉള്ളതും ഇല്ലാത്തതും ആയിട്ടുള്ള നിരവധി കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കി ഒറിജിനൽ എന്ന് തോന്നുന്ന രീതിയിലുള്ള ഇമെയിൽ അഡ്രസ്സുകളും ഫെയ്ക്ക് ന്യൂസിലാൻഡ് മൊബൈൽ നമ്പറുകളും എല്ലാം തന്നെ ഈ തട്ടിപ്പിന്റെ ഭാഗമായി ഇവർ ഉപയോഗിച്ച് വരുന്നുണ്ട്, ആയതിനാൽ ന്യൂസിലാൻഡിൽ ഉള്ളവർ മുഖേന വന്നിട്ടുള്ള വേക്കൻസികൾ ആണ് ഇത് എന്ന് പ്രചരിപ്പിച്ചാണ് കൂടുതൽ ഏജൻസികളെയും ഏജന്റുമാരെയും ഇത്തരം തട്ടിപ്പ് സംഘങ്ങൾ വലയിലാക്കുന്നത്.
ന്യൂസിലാൻഡിലേക്ക് നിങ്ങൾക്ക് ഏതെങ്കിലും ഏജന്റ്മാർ മുഖേന ഒരു വേക്കൻസി ലഭിച്ചാൽ എംപ്ലോയർ ആയി നേരിട്ട് ബന്ധപ്പെട്ട് വേക്കൻസി വെരിഫൈ ചെയ്യാതെ യാതൊരു കാരണവശാലും ഒരു രീതിയിലും ഉള്ള സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിസ ഫീസ് എന്ന പേരിൽ ഒരു നോർത്തിന്ത്യൻ അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞു വ്യാജമായ ന്യൂസിലാൻഡ് ഇമിഗ്രേഷൻ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വ്യാജ വിസ അപ്പ്രൂവൽ ലെറ്ററുകളും വ്യാജ e-വിസകളും ഇവർ ഫോട്ടോഷോപ്പ് ചെയ്തു പ്രചരിപ്പിക്കുന്നുണ്ട്.
ന്യൂസിലാൻഡ് e-വിസകൾ ഓൺലൈൻ ആയി ഒറിജിനൽ ആണോ എന്ന് വെരിഫൈ ചെയ്യാൻ സാധിക്കുന്നതാണ്. ആയതിനാൽ വിസ വെരിഫൈ ചെയ്ത് ഒറിജിനൽ ആണോ അല്ലയോ എന്ന് ഉറപ്പിക്കാതെ ഒരു ഏജൻസികൾക്കും മുൻകൂറായി ഒരു രീതിയിലും ഉള്ള അഡ്വാൻസ് തുക നൽകി വഞ്ചിതർ ആവാതിരിക്കാൻ ശ്രദ്ധിക്കുക.
പൊതു താല്പര്യാർത്ഥം Keralites NZ പ്രസിദ്ധീകരിക്കുന്നത്
